കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലുണ്ടായ ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് ഏത്തവാഴകള്‍ നശിച്ചു. കഴിഞ്ഞ ദിവസമാണ് പെട്ടെന്നുണ്ടായ കൊടുങ്കാറ്റ് പ്രദേശമാകെ വ്യാപിച്ചത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ വാഴ കൃഷി പൂര്‍ണ്ണമായും നശിച്ചു. അരുവാപ്പുലം കുളമാംകൂട്ടത്തിൽ ശശിയുടെ 700 വാഴകളും രഞ്ചു സദനം രാധാകൃഷ്ണന്റെ 500 വാഴകളും രാധ വിലാസം റെജിയുടെ 400 വാഴകളും ആശാരിപറമ്പിൽ അയൂബിന്റെ 300 വാഴകളുമാണ് കാറ്റില്‍ പൂര്‍ണ്ണമായി നശിച്ചത്. നാല് കര്‍ഷകരുടെ 1800 ഓളം വാഴകളാണ് നശിച്ചുപോയത്. വിളവെടുപ്പിന് പാകമായിരുന്നവയായിരുന്നു ഇതിലേറെയും. ഇത്തവണ മികച്ച രീതിയില്‍ വാഴകളെല്ലാം കുലച്ചിരുന്നതായും കര്‍ഷകര്‍ പറയുന്നു. പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.
വാഴകൃഷി പൂര്‍ണ്ണമായും നശിച്ചതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. പലരില്‍ നിന്നും പണം കടം വാങ്ങിയും പലിശക്കും പണം കടമെടുത്ത് കൃഷി ചെയ്തവരും ഈ കൂട്ടത്തിലുണ്ട്. വാഴകൃഷി പൂര്‍ണ്ണമായി നശിച്ചതോടെ പണം തിരികെ കൊടുക്കുവാനും വഴിയില്ലാതെയായി. ആയിരത്തോളം ഏത്തവാഴകള്‍ കൃഷി ചെയ്തതില്‍ 50 വാഴകള്‍ പോലും പല കൃഷിയിടങ്ങളിലുമില്ല. കര്‍ഷകര്‍ കൃഷി ചെയ്ത ഭൂമി നിലനില്‍ക്കുന്ന ഭാഗത്തെ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്തത് കാരണം വാഴ കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുവാനും കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇടപെടലിലൂടെ അടിയന്തിര ധനസഹായം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.




























