പാലക്കാട്: ബംഗളൂരു – ഏറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ് കോയമ്പത്തൂരില്‍ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉള്‍പ്പടെ 16 പേർ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കോയമ്പത്തൂർ അവിനാശിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്ത് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ Kl 15 A 282 ബസും എറണാകുളത്ത് നിന്ന് പോവുകയായിരുന്ന കണ്ടയിനര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിലായിരുന്ന കണ്ടെയ്നർ ലോറി ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വണ്‍വേ ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ ട്രാഫിക് നിയമം ലംഘിച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന കണ്ടെയ്നല്‍ ലോറി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. യാത്രക്കാര്‍ ഉറങ്ങുന്ന സമയമായതിനാലും നഗരത്തില്‍ നിന്നും അല്‍പം അകലെയായാണ് വാഹനാപകടം നടന്നതെന്നതും മരണസംഖ്യ ഉയരാന്‍ കാരണമായി. ഇരുപത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് നിന്നുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് വിവരം. വാഹനം വെട്ടിപൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽപ്പെട്ട ബസ് ഫെബ്രുവരി 17 നാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോയത്. ബസ് 18 വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാർ ഇല്ലാത്തതിനാൽ ഇന്നലെ രാത്രി ആണ് തിരിച്ചത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക് ചെയ്തിരുന്നു.