റാന്നി : പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതു മൂലം കോൺഗ്രസിലെ തമ്മിലടിക്ക് താത്കാലിക ശമനം വന്നതായി വിലയിരുത്തല്‍. പഴവങ്ങാടിക്കര സർവീസ് കോർപ്പറേറ്റീവ് ബാങ്കിലേക്ക് നടത്താനായിരുന്ന പരീക്ഷയാണ് കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ മാറ്റി വച്ചതായി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം നല്‍കാനിരുന്നവരും വെട്ടിലായി. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കുകളിൽ നടന്ന നിയമനങ്ങൾ മുഴുവൻ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ അറിവോടെ വൻതുക കൈക്കൂലി വാങ്ങിയാണ് നടത്തിയതെന്ന ആരോപണം നിലനില്‍ക്കെയാണ് പരീക്ഷ മാറ്റിവെച്ചത്. ഇത്തരത്തില്‍ വന്‍തുക കോഴ വാങ്ങിയാണ് ഇതര പാർട്ടിയിൽ പെട്ടവരെ നിയമിച്ചതെന്ന് അവസാനമായി കൂടിയ റാന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ യോഗത്തിൽ ആരോപണം ഉയര്‍ന്നിരുന്നതായി സൂചനകളും പുറത്തു വന്നു.
ജില്ലയുടെ ചാർജുള്ള കെ പി സി സി ജനറൽ സെക്രട്ടറിയുടെയും, ഡി സി സി പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ആണ് നേതാക്കൾ ആരോപണം ഉന്നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് പോലും ഇത്തരം പ്രവണതകള്‍ കാരണമായി എന്നും ആ യോഗത്തിൽ ആരോപണമുണ്ടായി. സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതോടെ ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകുകയില്ലായെന്നു നേതാക്കൾ അന്ന് ഉറപ്പ് നൽകിയിരുന്നുവെന്ന് പറയുന്നു. ഇത്തരം ഉറപ്പുകളെ എല്ലാം കാറ്റിൽ പറത്തിയാണ് വീണ്ടും ലക്ഷങ്ങൾ കോഴവാങ്ങി നിയമനം നടത്താനിരുന്നത്. ഈ നിയമനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനെയും ജില്ലയുടെ ചാർജുള്ള ജനറൽ സെക്രട്ടറിയെയും റാന്നിയില്‍ നിന്നുള്ള കെ.പി.സി.സി സെക്രട്ടറിയേയും സമീപിച്ചിരുന്നു. ബാങ്ക് പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമാരുമാണ് നിയമന കാര്യം തീരുമാനിക്കുന്നതെന്നും, പാർട്ടിക്ക് ഇതില്‍ ഒരു പങ്കുമില്ല എന്നുമാണ് തങ്ങളെ സമീപിച്ചവർക്ക് നേതാക്കൾ നൽകിയ മറുപടിയെന്നാണ് മറ്റൊരു ആരോപണം.
ഡി സി സി പ്രസിഡന്റും കെ പി സി സി സെക്രട്ടറിയും ചേർന്ന് നടത്തുന്ന ലക്ഷങ്ങളുടെ കച്ചവടമാണെന്നും കൊടി പിടിക്കുന്നവർ എന്നും വെള്ളം കോരികളും വിറക് വെട്ടികളുമായിരിക്കുമെന്നും നിരാശപൂണ്ട ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ അര്‍ഹരായവര്‍ നില്‍ക്കെ പുറത്തുള്ളവരെ വന്‍ തുക വാങ്ങി നിയമിക്കുന്നതോടെ നേതാക്കളുടെ കച്ചവട താത്പര്യമുഖമാണ് പുറത്തു വരുന്നതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. നേതാക്കളുടെ അഴിമതിയില്‍ മനസ്സുമടുത്ത ചിലര്‍ പുറത്തു പോകുവാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായും സൂചനകള്‍ പുറത്തു വരുന്നുണ്ട്.