തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്. ഓര്‍ഡിനന്‍സില്‍ ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ മറുപടി നല്‍കൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓര്‍ഡിനന്‍സിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് നടത്തിയ വ്യാഖ്യാനത്തില്‍ ഒരു കാര്യവുമില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കേ തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഫെബ്രുവരി ആദ്യം ലോകായുക്ത മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത് കൊണ്ട് മാത്രമാണ്. എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് സിപിഎമ്മിലോ എല്‍ഡിഎഫിലോ ആലോചിക്കാതെയാണെന്നും വ്യക്തമായിട്ടുണ്ട്. കെ.ടി. ജലീലിനെതിരായ വിധി വന്നപ്പോള്‍ തന്നെ ഓര്‍ഡിനന്‍സിന് കാരണമായ നിയമോപദേശം ലഭിച്ചുവെന്നാണ് മന്ത്രി പി.രാജീവ് പറഞ്ഞത്. അങ്ങനെയെങ്കില്‍ നിയമ നിര്‍മാണത്തിന് മാത്രമായി ചേര്‍ന്ന കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ഇത് എന്തുകൊണ്ട് കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രപതി അംഗീകരിച്ചാണ് ലോകായുക്ത നിയമം പാസാക്കിയത്. അതിനാല്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങണം. അതാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. കെ - റെയില്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാട് പറഞ്ഞ സാംസ്കാരിക പ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ സിപിഎം അനുകൂലികള്‍ ആക്രമിക്കുകയാണ്. ഗൗരി ലങ്കേഷിനെ വകവരുത്തിയ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കേസ് സിബിഐക്ക് വിടണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. കേസില്‍ പ്രോസിക്യൂഷന് നിരവധി വീഴ്ചകള്‍ സംഭവിച്ചുവെന്നും പ്രതികള്‍ രക്ഷപെടുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.