ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി മാസങ്ങള്‍ ആയിട്ടും ഇതുവരെയായി കേരളത്തിൽ വളരെ കുറച്ചുപേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി, അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്. ഭൂമി പോക്കുവരവിനായി ആരും വില്ലേജിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. ആധാരം ചെയ്യുമ്പോൾ വില്ലേജിലെ തണ്ടപ്പേര് അക്കൗണ്ടിൽ കരം അടവ് പ്രകാരമുള്ള വസ്തു ഉണ്ടോ എന്ന് സബ് രജിസ്ട്രാർക്ക് ബോധ്യം വരുന്നതിനായി R.O.R ( Record of Rights) സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും വാങ്ങണം എന്ന നിബന്ധനയുണ്ട്. R.O.R സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല.