കോഴിക്കോട് : സഹകരണബാങ്ക് വാങ്ങിയ ഭൂമിയുടെ വില നിശ്ചയിച്ചതില്‍ വീഴ്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. സി.പി.എം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂര്‍ സര്‍വീസ് സഹകരണബാങ്ക് വാങ്ങിയ ഭൂമിയുടെ വില നിശ്ചയിച്ചതില്‍ വീഴ്ച വരുത്തിയ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സാധ്യത. ക്രമക്കേട് നടത്താനായി യഥാര്‍ഥ വിലയേക്കാള്‍ കൂടിയ വില ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയെന്നാണ് പരാതി. ആരോപണവിധേയരായ അഞ്ചുനേതാക്കള്‍ക്കെതിരെയും ബാങ്ക് ഭരണസമിതി പ്രസിഡന്റിനെതിരെയും സി.പി.എം നേരത്തെ നടപടിയെടുത്തിരുന്നു.
കാര്യാട്ട് താഴത്തെ 2.17 ഏക്കര്‍ സ്ഥലം 9.88 കോടി രൂപയ്ക്ക് വാങ്ങിയതില്‍ ക്രമക്കേടെന്നായിരുന്നു മുന്‍ ജീവനക്കാരന്റ പരാതി. സെന്റിന് 2.90 ലക്ഷം രൂപയുള്ള ഭൂമി 4.45 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി കാണിച്ച് മൂന്നുകോടി രൂപ തട്ടി. സഹകരണ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങുന്നതിന് മുമ്പ് റവന്യൂവകുപ്പ് അതിന്റ വില നിര്‍ണയിച്ച് നല്‍കണമെന്നാണ് ചട്ടം. വാങ്ങുന്ന ഭൂമിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂമി മൂന്നുവര്‍ഷത്തിനിടെ വിറ്റതിന്റ വിലയാണ് ഇതിന് കണക്കാക്കേണ്ടത്. അടിസ്ഥാന വിലയുടെ 30 ശതമാനം കൂട്ടുകയും ചെയ്യാം. പക്ഷെ ക്രമക്കേടിന് വേണ്ടി അഞ്ചുകിലോമീറ്റര്‍ പരിധിയിലെ ഭൂമിയുടെ വില കണക്കാക്കുകയും അടിസ്ഥാനവില 40 ശതമാനം കൂട്ടുകയും ചെയ്തു. ഭൂമിയിലെ കെട്ടിടത്തിന് വിലയിട്ടതിലും ക്രമക്കേട് നടന്നു.
ഭൂരേഖ വിഭാഗം തഹസീല്‍ദാരോ ചാര്‍ജ് ഓഫീസറോ സ്ഥലം സന്ദര്‍ശിക്കാതെയാണ് വില നിര്‍ണയിച്ചതെന്നും ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും റവന്യുവിജിലന്‍സ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റവന്യു വിലനിര്‍ണയിക്കും മുമ്പെ ബാങ്കുകാരും വസ്തു ഉടമയും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നതിന്റേയും അഡ്വാന്‍സ് നല്‍കിയതിന്റേയും തെളിവ് പുറത്തുവന്നു. അതായത് ഇടപാട് ഉറപ്പിച്ചശേഷം അതിന് അനുസരിച്ച് ഉദ്യോഗസ്ഥര്‍ വില നിര്‍ണയിച്ചെന്ന് ചുരുക്കം.