ന്യൂഡൽഹി : കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയ സാഹചര്യത്തില്‍ 15 ദിവസം കൊണ്ട് ജനങ്ങള്‍ ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി രൂപ.
മാര്‍ച്ച് 13വരെയുള്ള 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിന്‍വലിച്ചത്. 16 മാസത്തിനിടയില്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുന്ന ഏറ്റവുംകൂടിയ തുകയാണിത്.
ഉത്സവ സീസണുകളിലും തെരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതല്‍ തുക നിക്ഷേപകര്‍ പിന്‍വലിക്കാറുള്ളതെന്ന് ആര്‍ബിഐ പറയുന്നു. ആവശ്യം വര്‍ധിച്ചതിനെതുടര്‍ന്ന് കൂടുതല്‍ പണം ലഭ്യമാക്കിയതായി ആര്‍ബിഐ വിശദീകരിച്ചു. മാര്‍ച്ച് 13ലെ ആര്‍ബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്. അടച്ചിടുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണമെടുക്കാന്‍ കഴിയുമോയെന്ന ആശങ്കമൂലമാണ് ബാങ്ക് ശാഖകളിലെത്തി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതെന്ന് ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ പറയുന്നു.