കൊച്ചി : കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിന്റെയും ബാറുകൾക്കു സമീപമുള്ള മദ്യവിൽപ്പനശാലകൾ പൂട്ടുന്നതിന്റെയും മറവിൽ 100 കോടി രൂപയുടെ അഴിമതി ആരോപിക്കുന്ന കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. ആരോപണം തെളിയിക്കുന്ന തെളിവുകളില്ലാത്തതിനാൽ കേസിൽ തുടർനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി.
വസ്തുതാവിരുദ്ധമായ കേസാണെന്നതു കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് വിജിലൻസ് സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് നൽകിയിരിക്കുന്ന അന്തിമ റിപ്പോർട്ടിൽ പറയുന്നത്. കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി.എം. രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തിയത്.