തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തലക്കും കെ ബാബുവിനുമെതിരെ അന്വേഷണ അനുമതി തേടി സർക്കാർ സ്പീക്കർക്കും ഗവർണർക്കും ഇന്ന് റിപ്പോർട്ട് നൽകിയേക്കും. ഇരുവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാനാവു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലയളവില്‍ ചെന്നിത്തലയെ ഒതുക്കിയില്ലെങ്കില്‍ എല്‍.ഡി.എഫ് കൂടുതല്‍ പ്രതിസന്ധിയിലാകും എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഈ നീക്കത്തിനു പിന്നില്‍. സര്‍ക്കാരിനെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെന്നിത്തല. അതീവ രഹസ്യമായി ചെയ്യുന്ന പലകാര്യങ്ങളും മിനിട്ടുകള്‍ക്കകം ചെന്നിത്തല വഴി ജനങ്ങളിലേക്ക് എത്തുകയാണ്. ഉദ്യോഗസ്ഥരില്‍ പലരും സര്‍ക്കാരിനെ കൈവിട്ടെന്ന സൂചനയും പുറത്തുവരുന്നു. കേരളത്തില്‍ ഭരണമാറ്റം ഉറപ്പായിക്കഴിഞ്ഞതിനാല്‍ രമേശ് ചെന്നിത്തലയുടെ പ്രീതി പിടിച്ചുപറ്റാന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും രഹസ്യമായി നീങ്ങിക്കഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായ ആരോപണങ്ങളുമായി ചെന്നിത്തല പിണറായി സര്‍ക്കാരിനെ വട്ടം കറക്കുന്നത്. വിജിലന്‍സ് കേസിലൂടെ ചെന്നിത്തലയെ ഒതുക്കാമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതൊന്നും വിലപ്പോകില്ലെന്നാണ് ചെന്നിത്തലയുടെ അടുപ്പക്കാര്‍ പറയുന്നത്.