അബുദാബി : ബറാക്ക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിന്റെ യൂണിറ്റ് 3ന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായും യൂണിറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായെന്നും അധികൃതര്‍. സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനര്‍ജി കമ്പനിയുടെ (Nawah) കീഴില്‍ പ്രവര്‍ത്തിക്കുന്ന ബറാഖ ആണവോര്‍ജ്ജനിലയം, അബുദാബിയിലെ അല്‍ ദഫ്റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
യൂണിറ്റ് 1-ല്‍ നിന്ന് നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. യൂണിറ്റ്-2 യുഎഇയുടെ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഈ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബറാഖ ആണവോര്‍ജ്ജനിലയത്തിലെ യൂണിറ്റ് 1-നെ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ 2020 ഓഗസ്റ്റ് 19-ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.