കോഴിക്കോട് : വാക്കുതർക്കത്തെ തുടർന്ന് റോഡിലിട്ട് അയൽവാസിയെ മർദിച്ചുകൊന്നുവെന്ന കേസിൽ പ്രതി കൊയിലാണ്ടി ചെറിയമങ്ങാട് വേലിവളപ്പിൽ വികാസിന് (39) ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ചെറിയമങ്ങാട് വേലിവളപ്പിൽ പുതിയ പുരയിൽ പ്രമോദിനെ (43) വധിച്ചുവെന്ന കേസിലാണ് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.അനിൽ കുമാർ ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിൽ മൂന്ന് കൊല്ലം കൂടി കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക മരിച്ച പ്രമോദിന്റെ ഭാര്യക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് കൊല്ലം കൂടി തടവനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണൻ അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ ജയകുമാർ ഹാജരായി. 2018 മാർച്ച് 13 ന് ചെറിയമങ്ങാട് അമ്പലത്തിലെ ഉത്സവദിവസം മറ്റൊരു അയൽവാസിയുമായി സംസാരിച്ച് നിന്ന പ്രമോദുമായി ഉത്സവത്തിന് പോവുകയായിരുന്ന പ്രതി അനാവശ്യമായി വാക്കുതർക്കത്തിലേർപ്പെടുകയും അടിച്ചും ചവിട്ടിയും ബോധരഹിതനാക്കിയെന്നുമാണ് കേസ്. പ്രമോദിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി. പ്രതി മാറിനിന്നപ്പോൾ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്തിന് ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ മരിച്ചുവെന്നാണ് കേസ്.