മുംബൈ: ഭിവണ്ടി കെട്ടിട ദുരന്തത്തില്‍ മരണം 32 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
ധമാന്‍കര്‍ നാക്കയിലെ നാര്‍പോളി പട്ടേല്‍ കോംപൗണ്ടില്‍ 40 ഫ്ലാറ്റുകളുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത്. 43 വര്‍ഷം പഴക്കമുളളതാണു കെട്ടിടം. ദുന്തത്തിനു പിന്നാലെ സമീപത്തെ 2 കെട്ടിടങ്ങള്‍ കോര്‍പറേഷന്‍ ഒഴിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ആളുകള്‍ ഗാഢനിദ്രയിലായിരിക്കെയാണ് അപകടം. മില്ലുകളുടെയും ഗോഡൗണുകളുടെയും നഗരമായ ഭിവണ്ടിയില്‍ രാത്രി ഷിഷ്റ്റില്‍ ജോലി ചെയ്യുന്നവരും അയല്‍ക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയത്.