കണ്ണൂര്‍: കോവിഡ് വാക്സിനേഷന്റെ ഗുണഫലം രണ്ട് മാസത്തിനകം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പശ്ചാത്തത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല, എന്നാലും ശ്രദ്ധ ചെലുത്തണം. ആള്‍ക്കൂട്ടം ഉണ്ടാകുന്നുവെന്നത് വസ്തുതയാണ്. എല്ലാവരോടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചത്. പൂര്‍ണമായും കോവിഡ് ഇല്ലാതാകണമെങ്കില്‍ വാക്സിന്റെ ഗുണഫലം കണ്ടു തുടങ്ങണം, അതിന് ഏകദേശ രണ്ട് മാസമെടുക്കും,” ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, കിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ പോയതിനെ കെ.കെ.ശൈലജ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. “പ്രതിപക്ഷ നേതാവ് എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. ഇലക്ഷന്‍ വന്നാല്‍ ശമ്പളം വാങ്ങണ്ട എന്ന് പറയാന്‍ പറ്റുമോ, പെന്‍ഷന്‍ കൊടുക്കണ്ട എന്ന് പറയാന്‍ പറ്റുമോ. അതുപോലെ തന്നെയാണ് കിറ്റും. ആര് എതിര്‍ത്താലും കിറ്റു കൊടുക്കും,”ആരോഗ്യമന്ത്രി പ്രതികരിച്ചു. കിറ്റിനെതിരെ കോടതിയില്‍ പോയത് ജനങ്ങളോട് ചെയ്ത മഹാ അപരാധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.