ബംഗളുരു: ബംഗ്ലാദേശില്‍ നിന്ന് മനുഷ്യകടത്തു സംഘങ്ങള്‍ കൊണ്ടുവന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പോലീസിന്റെ വെടിയേറ്റു. അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയും മറ്റു മാര്‍ഗങ്ങളില്ലാതെ വെടിവെച്ചിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇയാളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ കേസിലെ മറ്റു രണ്ട് പ്രതികള്‍ക്കും നേരത്തെ പോലീസിന്റെ വെടിയേറ്റിരുന്നു. ഇവരും രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ പത്തു പേരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഷഹബാസ് എന്നയാളെയാണ് അവസാനമായി അറസ്റ്റ് ചെയ്തത്. പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കാനായി എത്തിയപ്പോള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കാനും രക്ഷപെടാനും ശ്രമിക്കുകയായിരുന്നു. കാലിലാണ് ഇയാള്‍ക്ക് വെടിയേറ്റത്.
ബംഗ്ലാദേശ്, അസം, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ വേരുകളുള്ള മനുഷ്യകടത്ത് സംഘം ബംഗ്ലാദേശില്‍ നിന്നെത്തിച്ച 22 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ ബംഗ്ലാദേശില്‍ നിന്നെത്തുന്നത്. ശേഷം യുവതിയെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് വനിതയടക്കമുള്ള ആറംഗ സംഘമാണ് ഈ യുവതിയെ ക്രൂരമായി പിഡിപ്പിച്ചത്. ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.