തിരുവനന്തപുരം : 90 കെയ്സ് മദ്യം ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നിന്ന് മോഷ്ടിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കഴിഞ്ഞ ലോക്ക് ഡൗണിലും മോഷണം നടന്ന ആറ്റിങ്ങലിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ ആണ് ഇത്തവണയും മോഷണം നടന്നത്. മോഷണ സംഘത്തില്‍ ഒന്‍പത് പേര് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കവലയൂര്‍ സ്വദേശി രജിത്ത് ആണ് പിടിയിലായത്. ഗോഡൗണില്‍നിന്ന് മദ്യം മോഷ്ടിച്ചതായി കണ്ടെത്തിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഗോഡൗണ്‍ ഏപ്രില്‍ 27-ന് ശേഷം പ്രവര്‍ത്തിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മേയ് എട്ടിന് ശേഷം ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു.
അനധികൃത മദ്യവില്പന ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് മുദ്രയില്ലാത്ത വിദേശമദ്യം പിടിച്ചെടുത്തിരുന്നു. ഇതുവഴിയാണ് പ്രതികള്‍ പിടിയിലായത്. വര്‍ക്കലയില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 54 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയിരുന്നു. തുടര്‍ന്നാണ് വെയര്‍ ഹൗസില്‍ നിന്ന് മദ്യം മോഷണം പോയ വിവരം അറിയുന്നത്.