തിരുവനന്തപുരം : സംഗീത പ്രേമികളുടെ നെഞ്ച് തകര്‍ത്ത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ജീവനെടുത്ത ദുരൂഹതകള്‍ നിറഞ്ഞ അപകടം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം. വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവന്‍ കവര്‍ന്ന അപകടത്തെ ചുറ്റിയുള്ള സംശയങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ലോക്കല്‍ പോലീസില്‍നിന്ന് സിബിഐയില്‍ എത്തിനില്‍ക്കുന്നു അന്വേഷണം.
മകള്‍ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തില്‍ പോയത്. സുഹൃത്തായ ഡ്രൈവര്‍ അര്‍ജുനും ഒപ്പമുണ്ടായി. മടക്കയാത്രയില്‍ കഴക്കൂട്ടം പള്ളിപ്പുറത്താണ് വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ ഉടന്‍ മരിച്ചു. ഒക്ടോബര്‍ രണ്ടിന് ബാലഭാസ്‌കറും. ലക്ഷ്മിയും അര്‍ജുനും പരിക്കോടെ രക്ഷപ്പെട്ടു.
വാഹനത്തില്‍ ഒപ്പമുണ്ടായ അര്‍ജുന്‍ മൊഴി മാറ്റിയതോടെയാണ് ദുരൂഹതകളുടെ തുടക്കം. വാഹനം ഓടിച്ചത് ആദ്യം താനാണെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് ബാലഭാസ്‌കറാണെന്ന് തിരുത്തി. ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച് സംഘങ്ങള്‍ക്ക് മുന്നിലും ഇതേരീതിയില്‍ മൊഴിമാറ്റി. സിബിഐക്ക് മുന്നിലും ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് മൊഴി.