കറ്റാനം : ഭരണിക്കാവിൽ കോവിഡ് വാക്സിൻ നൽകുന്നതിനെച്ചൊല്ലി ഭരണ – പ്രതിപക്ഷ പഞ്ചായത്തംഗങ്ങൾ തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. തർക്കത്തിനും വാക്കേറ്റത്തിനുമിടെ പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപയെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും സി.പി.എം ആരോപിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും സി.പി.എം പ്രവർത്തകർക്കും യാതൊരു മാനദണ്ഡവും നോക്കാതെ വാക്സിൻ നൽകിയത് ചോദ്യംചെയ്ത പഞ്ചായത്തംഗങ്ങളായ കെ.ആർ.ഷൈജു, സൽമാൻ പൊന്നേറ്റിൽ, സദാശിവൻപിള്ള, എസ്.ശാലിനി, എൽ.അമ്പിളി, ആർ.സുമ എന്നിവരെ സി.പി.എമ്മുകാർ കൈയേറ്റം ചെയ്തതായി യു.ഡി.എഫും ആരോപിച്ചു.
മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിൽ നടന്ന മെഗാവാക്സിനേഷൻ ക്യാമ്പിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണു സംഭവം. ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനിടെ ക്യാമ്പ് ജോലിയിലുണ്ടായിരുന്ന ഒരു നഴ്സ് കുഴഞ്ഞുവീണു. ആയിരംപേർക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് മെഗാക്യാമ്പ് നടത്തിയത്. 60 വയസ്സിന് മുകളിൽ പ്രായമുള്ള ആദ്യഡോസ് വാക്സിൻ ലഭിക്കാത്തവർ, ആദ്യഡോസ് വാക്സിൻ ഏപ്രിൽ 30-ന് മുൻപെടുത്ത് രണ്ടാംഡോസിന് സമയം കഴിഞ്ഞവർ ഓൺലൈനായി രജിസ്റ്റർ ചെയ്തവർ എന്നിവർക്കാണു ക്യാമ്പിൽ വാക്സിന് സൗകര്യമൊരുക്കിയിരുന്നത്.
60 വയസ്സിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാത്തവരുടെ ലിസ്റ്റ് വാർഡുകളിലെ പഞ്ചായത്തംഗങ്ങളിൽനിന്നും ആശപ്രവർത്തകരിൽനിന്നും ശേഖരിച്ചിരുന്നു. എന്നാൽ, ജില്ലാ പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സി.പി.എം നേതാക്കൾ എന്നിവർ ചേർന്ന് 18 വയസ്സിനു മുകളിലുള്ള പാർട്ടിപ്രവർത്തകർക്കും അനുഭാവികൾക്കും യാതൊരു മാനദണ്ഡവുമില്ലാതെ വാക്സിൻ നൽകുന്നതായി ആരോപിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ പ്രതിഷേധവുമായെത്തിയത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തെ തുടർന്ന് അരമണിക്കൂറോളം വാക്സിനേഷൻ മുടങ്ങി. ക്യാമ്പിൽ 968 പേർക്ക് വാക്സിൻ നൽകിയതായി മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത പറഞ്ഞു. വാക്സിനേഷൻ സുഗമമായി നടന്നതായും ഡോക്ടർ പറഞ്ഞു. സമാധാനപരമായി നടന്ന വാക്സിൻ വിതരണം രാഷ്ട്രീയലക്ഷ്യംവച്ചാണ് തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രസിഡന്റ് കെ.ദീപ പറഞ്ഞു. വാക്സിൻ വിതരണം സുഗമമായി നടക്കുന്നതിലെ അസൂയയാണ് മെഗാവാക്സിനേഷൻ ക്യാമ്പിൽ കോൺഗ്രസ് പ്രവർത്തകർ അക്രമവും കൈയേറ്റവും നടത്താൻ കാരണമെന്ന് സി.പി.എം ആരോപിച്ചു.
അക്രമികൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം ഭരണിക്കാവ്, കറ്റാനം ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. പട്ടികയിലുണ്ടായിരുന്ന 60 വയസ്സുകഴിഞ്ഞ ഒട്ടേറെപ്പേരെ വാക്സിൻ നൽകാതെ മടക്കി അയക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പിൻവാതിലിലൂടെ വാക്സിൻ നൽകുകയും ചെയ്തതിനെതിരേ ആരോഗ്യമന്ത്രി, കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകിയതായി യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.ആർ. ഷൈജു പറഞ്ഞു.