ആലപ്പുഴ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ 5000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. പണം പോക്കറ്റടിച്ചതല്ലെന്നും തിരക്കിനിടയിൽ നഷ്ടപ്പെട്ടതാണെന്നും ബാബു പ്രസാദ്. രാഹുൽ ഗാന്ധിയെ സ്വീകരിക്കവേ കവറിലിട്ട് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണം താഴെ വീഴുകയായിരുന്നു. തിരക്കിനിടയിൽ അത് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് ബാബു പ്രസാദ് പറഞ്ഞു. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്.
5000 രൂപ പോക്കറ്റടിക്കപ്പെട്ടു എന്നാണ് ആദ്യം വന്ന റിപ്പോർട്ട്. പിന്നീട് അദ്ദേഹം തിരുത്തുകയായിരുന്നു. ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. പദയാത്ര 4 ദിവസമാണ് ജില്ലയിൽ ഉണ്ടാകുക. 20ന് അരൂരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തിൽ 9 സ്ഥലങ്ങളിൽ പൊതുയോഗങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും.