ന്യൂഡൽഹി /കൊച്ചി : സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.
ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി – പട്ടിക വർഗ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താലെന്ന് കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ ആർ സദാനന്ദൻ, എ കെ സി എച്ച്എം എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറൽ സെക്രട്ടറി എ കെ സജീവ്, എൻ ഡിഎൽ എഫ് സെക്രട്ടറി അഡ്വ. പി ഒ ജോൺ, ഭീം ആർമി ചീഫ് സുധ ഇരവിപേരൂർ, കേരള ചേരമർ ഹിന്ദു അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് പി തങ്കപ്പൻ, കെഡിപി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറൽ സെക്രട്ടറി സി ജെ തങ്കച്ചൻ, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കൺവീനർ എം ഡി തോമസ്, എൻ ഡിഎൽ എഫ് അംഗം രമേശ് അഞ്ചലശ്ശേരി എന്നിവര്‍ അറിയിച്ചു.
ബിഹാറിൽ സിപിഐ, ആർജെഡി, ബിഹാർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ബന്ദിന് ധാർമിക പിന്തുണ പ്രഖ്യാപിച്ചു. സിപിഐ എംഎൽ, ഹിന്ദുസ്ഥാനി അവാമി മോർച്ച, ആർ എൽ എസ്പി, വിഐപി എന്നീ പാർട്ടികൾ ഹർത്താലിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.