ന്യൂഡല്‍ഹി: സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബിഹാറില്‍ ജെ.ഡി.യു 122 സീറ്റുകളിലും ബി.ജെ.പി 121 സീറ്റുകളിലും മത്സരിക്കാന്‍ ധാരണ. ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കുള്ള സീറ്റുകള്‍ ജെ.ഡി.യുവും രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിക്കുള്ള സീറ്റുകള്‍ ബി.ജെ.പിയും നല്‍കാനും ധാരണ. പ്രഖ്യാപനം ഉടനുണ്ടായേക്കും. ഇടഞ്ഞ് നില്‍ക്കുന്ന എല്‍.ജെ.പിയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ബി.ജെ.പി. സമവായമുണ്ടായില്ലെങ്കില്‍ എല്‍.ജെ.പി ഒറ്റയ്ക്ക് മത്സരിച്ചേക്കും.
ബിഹാറില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി എന്‍.ഡി.എയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ പ്രധാന കക്ഷികള്‍ തമ്മില്‍ സമവായമുണ്ടായെങ്കിലും ചെറുകക്ഷികളുടെ പ്രതികരണം വ്യക്തമല്ല. എല്‍.ജെ.പിയുമായി സീറ്റ് ധാരണയില്‍ എത്തുന്നത് എളുപ്പമാകില്ലെന്നാണ് വിവരം. 2015ല്‍ എല്‍.ജെ.പി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നതാണ് ആവശ്യം. ജെ.ഡി.യു ചില സീറ്റുകള്‍ വിട്ട് നല്‍കിയാല്‍ എല്‍.ജെ.പിയെ അനുനയിപ്പിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.