പാറ്റ്ന : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെയും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ മെയ് 25 വരെ നീട്ടിയിരിക്കുകയാണ് ബിഹാർ. പാറ്റ്നയിൽ നിന്ന് 195 കിലോമീറ്റർ അകലെയുള്ള കൈമൂർ ജില്ലയിലെ ബംഹാർ ഖാസ് ഗ്രാമത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കൈമൂർ ജില്ലയിൽ 23 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബംഹാർ ഗ്രാമത്തിൽ കഴിഞ്ഞ 25 ദിവസത്തിനിടെ മരിച്ചത് 34 പേരാണ്. ഇവിടുത്തെ 70 ശതമാനം പേരും രോഗബാധിതരാണെന്ന് റിപ്പോർട്ട്.
മരിച്ചവരിൽ മിക്കവർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. ചിലരാകട്ടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും മുമ്പ് മരിച്ചുവെന്ന് ഗ്രാമവാസികൾ പറയുന്നു. ”ആദ്യം പനി ആയിരുന്നു. പിന്നീട് ചുമ തുടങ്ങുന്നു. തുടർന്ന് അവർ മരിച്ചു. കൊവിഡ് പരിശോധന ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ ഫലത്തിനായി കാത്തുനിന്നില്ല.” – ബന്ധുവിനെ നഷ്ടപ്പെട്ട അശോക് കുമാർ ചൗധരിയെന്നയാൾ പറഞ്ഞു. അലോക് കുമാർ എന്നയാൾക്ക് പിതാവിനെ നഷ്ടപ്പെട്ടു. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷമാണ് അലോകിന് പിതാവിനെ നഷ്ടമായത്.
”രണ്ടാമത്തെ വാക്സിൻ എടുത്തതിന് പിന്നാലെ അദ്ദേഹത്തിന് പനി ബാധിച്ചു. അദ്ദേഹം ഒരു ഹൃദ്രോഗി ആയിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് ഒരു ഇഞ്ചെക്ഷൻ എടുത്തു. പക്ഷേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനായില്ല. ഒരു പനി വന്നതുകൊണ്ട് മാത്രം ഇത്ര പെട്ടന്ന് മരിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. ഇത് കൊവിഡ് ബാധിച്ചതാകാം”- അലോക് കുമാർ പറഞ്ഞു.
മിക്കവർക്കും കൊവിഡ് ലക്ഷണങ്ങളുണ്ട്. എന്നാൽ ടൈഫോയ്ഡ് മലേറിയ തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത് എന്നതിനാൽ രോഗം കണ്ടെത്താനാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ടൈഫോയ്ഡ് ചികിത്സയ്ക്കുള്ള മരുന്ന് പലരെയും രക്ഷിക്കുന്നില്ല.