തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതി പരാതിയുമായി മുന്നോട്ടുവന്നതില്‍ അഭിനന്ദനവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുതെന്നും ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനം സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും. ആക്രമിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. യുവതിയുടെ ധൈര്യം പെണ്‍കുട്ടികള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ കേരള ആന്റി സോഷ്യല്‍ ആക്ടിവിടീസ് ആക്ട് 2007 അനുസരിച്ചു ഒരു വര്‍ഷം വരെ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണെന്നും ബിജു പ്രഭാകര്‍ പറയുന്നു.