കുഴൽമന്ദം: നായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴണിയുടെ ഭാര്യ ഉഷയാണ് (46) മരിച്ചത്. നൊച്ചുള്ളി പാലത്തിന് സമീപം ബുധനാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം നടന്നത്. കെട്ടിടനിർമാണ ജോലി കഴിഞ്ഞ്, അയൽവാസി പഴണിക്കുട്ടിയുടെ ബൈക്കിൽ വരികയായിരുന്നു ഉഷ. നൊച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇരുവരും തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഉഷയെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
തുടർന്ന്, മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പൾസ് കുറവായതിനെ തുടർന്ന് കണ്ണാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. മകൾ: നിഷ. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ബിന്ദു, സിന്ധു, സുനിത. അപകടത്തിൽ പരിക്കേറ്റ പഴണിക്കുട്ടി ചികിത്സയിലാണ്.