കോട്ടയം : കോട്ടയം താഴത്തങ്ങാടി കൊലപാതകം നടന്ന ദിവസം തന്നെ മകനെ സംശയിച്ചിരുന്നതായി പ്രതി മുഹമ്മദ് ബിലാലിന്‍റെ പിതാവ്. മകനെ കാണാനില്ലെന്ന് കോട്ടയം വെസ്റ്റ് പോലീസിനെ അറിയിച്ചതും പാറപ്പാടം സ്വദേശി നിസാമുദ്ദീനാണ്. ബിലാല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും ഇദ്ദേഹം പറയുന്നു.
പ്രത്യേക സ്വഭാവക്കാരനായിരുന്നു ബിലാലെന്നാണ് പിതാവ് പറയുന്നത്. മകനെ കുറിച്ച് കരയാത്ത ദിവസങ്ങളില്ല. പ്രത്യേക സ്വഭാവക്കാരാനാണ് മുഹമ്മദ് ബിലാൽ രാത്രി വൈകിയും മൊബൈലില്‍ പബ്ജി കളിക്കും. രാത്രി ഒരു മണിക്കൊക്കെ വീട്ടിന് വെളിയിലേക്ക് പോകും. അതിനാല്‍ വീടിന്‍റെ മുന്നിലത്തേയും പിന്നിലത്തേയും വാതില്‍ പൂട്ടിയിടുകയാണ് പതിവ്.
സഹോദരിയെ മര്‍ദ്ദിച്ച് കാല്‍ കമ്പി കൊണ്ട് കെട്ടിയിട്ടുണ്ട്. ഇത് ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഷീബ കൊലപ്പെട്ട രീതി കണ്ടപ്പോൾ മകനെ സംശയം തോന്നിയതെന്നും നിസാമുദ്ദീൻ പറയുന്നു. സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് സ്റ്റേഷനിലെത്തി മകനെ കാണാനില്ലെന്ന പരാതി നൽകി. പിറ്റേ ദിവസം അന്വേഷണ സംഘത്തിലുണ്ടായിരുന്ന കടുത്തുരുത്തി എസ്ഐ റെനീഷിനെ നിസാമുദ്ദീൻ വിളിച്ചു. ആശ്വസിക്കാൻ വകയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലാ എന്നായിരുന്നു മറുപടി. ഈ സമയം മുഹമ്മദ് ബിലാല്‍ പോലീസിന്‍റെ കസ്റ്റഡിയിലായിരുന്നു.
പത്താംക്ലാസ് തോറ്റ ബിലാലിന് വലിയ സൗഹൃദങ്ങളൊന്നുമില്ല. ബാറ്ററി മോഷണത്തിനും മാലപൊട്ടിക്കലിനും ജയിലിലായിട്ടുണ്ട്. നന്നായി ബിരിയാണി വയ്ക്കാനറിയാവുന്നത് കൊണ്ടാണ് ഹോട്ടലില്‍ ജോലിക്ക് കയറുന്നത്. മകൻ തെറ്റ് ചെയ്തെങ്കില്‍ തൂക്കിക്കൊല്ലും എന്നാലും ഇടപെടില്ലെന്നും ഈ അച്ഛൻ പറയുന്നു. ചെറു പ്രായത്തിൽ തന്നെ കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന ആളായിരുന്നു ബിലാലെന്നാണ് പോലീസ് അന്വേഷണത്തിലും വ്യക്തമാകുന്നത്.