പന്തളം : ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മങ്ങാരം സ്വദേശിനി ബിന്‍സിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടത്. ബിന്‍സിയുടെ മരണത്തില്‍ ഭര്‍ത്താവ് ജിജോയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.
എന്നാല്‍, കേസില്‍ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിന്‍സിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുന്‍പ് ബിന്‍സി മൊബൈലില്‍ ചിത്രീകരിച്ച വീഡിയോകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്രത്തോളം ശാരീരികമാനസിക പീഡനങ്ങള്‍ നേരിട്ടു എന്നതിന്റെ തെളിവാണെന്നും ബിന്‍സിയുടെ ബന്ധുക്കള്‍ പറയുന്നു. വിഷയത്തില്‍ വനിതാ കമ്മീഷനും പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ബിന്‍സിയുടെ ഭര്‍തൃമാതാവിനെ പോലീസ് വിട്ടയക്കുകയാണുണ്ടായത്. ഇന്ന് ബിന്‍സിയുടെ കുടുംബാംഗങ്ങള്‍ മാവേലിക്കര സ്റ്റേഷനില്‍ എത്തി ബിന്‍സിയുടെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറും.





























