ബാംഗ്ലൂര്‍ : ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അറസ്റ്റിന് ശേഷം തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ബിനീഷിനെ രാത്രി പാര്‍പ്പിക്കുന്നത് മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കസ്റ്റഡിയിലിരിക്കെ ബിനീഷിനെ പാര്‍പ്പിച്ചിരുന്ന വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഫോണ്‍ വിളിക്കാന്‍ സഹായം ചെയ്തതെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇ.ഡിയുടെ നിര്‍ദേശപ്രകാരം ബിനീഷിനെ പാര്‍പ്പിക്കുന്നത് കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.