തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രേഖകള്‍ അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയില്ല. ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികള്‍ക്ക് ആധാരമായ രേഖകള്‍ കുടുംബത്തോട് ഇഡി ആവശ്യപ്പെട്ടു. ഇതിനിടയില്‍ കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകന്‍ സംസാരിച്ചു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയത് മഹസര്‍ രേഖകളില്‍ ചേര്‍ത്തെന്നും അതു കൊണ്ട് റെനീറ്റ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞെങ്കിലും പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചില്ല. പിന്നീടാണ് കോടതിയില്‍ പോകാനുള്ള തീരുമാനം അഭിഭാഷകന്‍ വ്യക്തമാക്കിയത്.
സായുധ സിആര്‍പിഎഫ് ഭടന്മാരുടെയും കര്‍ണാടക റിസര്‍വ് പൊലീസിന്റെയും അകമ്ബടിയോടെയായിരുന്നു റെയ്ഡ്. ഏഴിടത്തും രാവിലെ 9 ന് ഒരേസമയം ഉദ്യോഗസ്ഥരെത്തി. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍ നിന്നു രാത്രി വൈകിയാണ് സംഘം മടങ്ങിയത്. തലസ്ഥാനത്തു ബാക്കി അഞ്ചിടത്തും രാത്രി ഏഴിനും കണ്ണൂരില്‍ രാത്രി ഒന്‍പതിനും റെയ്ഡ് പൂര്‍ത്തിയായി.