ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ചോദ്യം ചെയ്യുന്നതനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താൻ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ബിനീഷ് ഇഡി ഓഫീസിന്റെ സ്റ്റെപ് നടന്ന് കയറിയത്. അതേസമയം, ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യപരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനമാണ്.
കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും. അതേസമയം നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോർട്ട് ഇഡി കോടതിയിൽ നൽകും. ഇഡിയുടെ നടപടികൾക്കെതിരെ കർണാടക ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകും.