ദില്ലി : ഭാരതാംബയുടെ ധീരപുത്രന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ഹൈലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട രാജ്യത്തിന്റെ ആദ്യ സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും വിട നല്‍കി രാജ്യം. ബ്രാർ ശ്മശാനത്തിലായിരുന്നു അന്ത്യചടങ്ങുകള്‍. മക്കളായ കൃതികയും തരിണിയും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എണ്ണൂറോളം സൈനികരാണു സംസ്കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നൽകിക്കൊണ്ട് സൈന്യം റാവത്തിന് വിടചൊല്ലി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കിരണ്‍ റിജ്ജു തുടങ്ങിയവരും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ബ്രാർ ശ്മശാനത്തിലെത്തിയിരുന്നു. മൂന്ന് സൈനിക മേധാവികളും സന്നിഹിതരായിരുന്നു. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിദേശ നയതന്ത്ര പ്രതിനിധികളും അനുശോചനും രേഖപ്പെടുത്തുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ വീട്ടിലെത്തിയാണ് റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചത്.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മനുഷ്ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബാനന്ദ സോനോവാൾ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, എ.കെ ആന്റണി, മല്ലികാർജുൻ ഖർഗെ എന്നിവരും വീട്ടിലെത്തി അന്തോമോപചാരം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാലം വിമാനത്താവളത്തില്‍ നേരിട്ടെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സൈനികർക്ക് അന്ത്യാഭിവാദം അർപ്പിക്കുകയും ചെയ്തിരുന്നു.