ചാലക്കുടി: ചാലക്കുടി വെട്ടുകടവ് ഭാഗത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. അറോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ റോഡില്‍ അവശനിലയില്‍ കണ്ട് നാട്ടുകാര്‍ വനം ഉദ്യോഗസ്തര്‍ക്ക് കൈമാറിയ വെള്ളിമൂങ്ങയും ചത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ സംഭവം പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്.
ചത്ത പക്ഷികളുടെ ജഡം പരിശോധനയ്ക്കായി ശേഖരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നെത്തിയ മൃഗ സംരക്ഷണ ഉദ്യോഗസ്ഥരാണ് കാക്കകളുടെ ജഡം പരിശോധനയ്ക്ക് കൊണ്ടുപോയത്. പരിശോധന റിപ്പോര്‍ട്ട് എത്തിയ ശേഷം നടപടികള്‍ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.