തൃശൂര്‍ : ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണത്തല ചാപറമ്പ് കൊപ്പര വീട്ടില്‍ ചന്ദ്രന്‍ മകന്‍ ബിജു (34) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം. ബൈക്കില്‍ വന്ന മൂന്നുപേരാണ് ബിജുവിനെ കുത്തി വീഴ്ത്തിയത്. കൃത്യത്തിന് ശേഷം പ്രതികള്‍ രക്ഷപെട്ടു. ഓടികൂടിയ നാട്ടുകാര്‍ ബിജുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രവാസിയായ ബിജു മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ചാപ്പറമ്പ് സെന്ററില്‍ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു. കൊലപാതകത്തിനുശേഷം അക്രമികള്‍ ബീച്ച് ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. തങ്കമണിയാണ് മാതാവ്, ഭാര്യ റിയ.