തൃശൂര്‍ : ബി.ജെ.പി പ്രവര്‍ത്തകന്‍ മണത്തല ചാപ്പറമ്പ് കൊപ്പറ വീട്ടില്‍ ബിജു (35) വിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല സ്വദേശികളായ പള്ളിപറമ്പില്‍ അനീഷ് (33), മേനോത്ത് വിഷ്ണു (21), ചൂണ്ടല്‍ സ്വദേശി ചെറുവാലിയില്‍ സുനീര്‍ (40) എന്നിവരെയാണ് ഗുരുവായൂര്‍ എ.സി.പി കെ.ജി സുരേഷ്, ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ് ശെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് ചാപ്പറമ്പില്‍ ബിജുവിനുനേരേ ബൈക്കിലെത്തിയ പ്രതികള്‍ ആക്രമണം നടത്തുന്നത്. കുത്തേറ്റ ബിജു രക്തംവാര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞു.
ബിജുവിന്റ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി നിരവധി കേസുകളില്‍ പ്രതിയും സ്റ്റേഷന്‍ റൗഡിയുമാണ്. സിറ്റി ജില്ലാ പോലീസ് മേധാവി ആര്‍.ആദിത്യ, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി എം.കെ. ഗോപാലകൃഷ്ണന്‍, ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ.ജി സുരേഷ്, ഡി.സി.ആര്‍.ബി എ.സി.പി കെ.കെ സജീവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആവശ്യമായനടപടികള്‍ സ്വീകരിച്ചു.
പ്രതികളെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.എ.എസ്.ഐ മാരായ സജിത്ത്കുമാര്‍, ബിന്ദുരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ആഷിഷ്, മെല്‍വിന്‍ എന്നിവരും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത ടീമില്‍ ഉണ്ടായിരുന്നു.