അഹമ്മദാബാദ്: അഹമ്മദാബാദിനെ ‘മിനി പാക്കിസ്ഥാന്’ എന്നു വിശേഷിപ്പിച്ച ശിവസേന എംപി സഞ്ജയ് റാവുത്ത് മാപ്പ് പറയണമെന്ന് ബിജെപി. ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളോട് സഞ്ജയ് റാവുത്ത് മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.
ബോളിവുഡ് നടി കങ്കണ റണൗത്ത് മുംബൈയെ പാക് അധീന കാശ്മീരിനോട് താരതമ്യപ്പെടുത്തിയതു പോലെ അഹമ്മദാബാദിനെ മിനി പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്താന്‍ കങ്കണയ്ക്ക് ധൈര്യമുണ്ടോയെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചത്. നടന് സുശാന്ത് സിംഗിന്റെ മരണ ശേഷം മുംബൈ സുരക്ഷിതമല്ലെന്ന് കങ്കണ പറഞ്ഞിരുന്നു. തുടര്‍ന്ന് കങ്കണയും സഞ്ജയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നിരവധിയായി നടന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
മുംബൈയെ അവഹേളിച്ച കങ്കണ മാപ്പ് പറയുകയാണെങ്കില്‍ താന്‍ മാപ്പ് പറയുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് സഞ്ജയ് റാവുത്തിന്റെ നിലപാട്. ബിജെപിയുടെ ഗുജറാത്ത് വക്താവ് ഭാരത് പാണ്ഡ്യയാണ് സഞ്ജയ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.