തൃശ്ശൂര്‍ : കുഴല്‍പ്പണം തട്ടിയെടുക്കല്‍ കേസില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. ദേശീയപാര്‍ട്ടിയുടെ പണം പോയ വിഷയം വലിയ തോതില്‍ വാര്‍ത്തകള്‍ ആയതോടെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെലവഴിക്കാന്‍ രഹസ്യമായി കൊണ്ടുപോയിരുന്ന 3.5 കോടി രൂപ തട്ടിയെടുക്കാന്‍ ആസൂത്രിതമായ ശ്രമം തന്നെ നടന്നുവെന്നാണ് അറിയുന്നത്. ഇതിനായി രംഗത്തിറക്കിയത് മൂന്നു കാറുകളായിരുന്നു. മൂന്നരക്കോടിയില്‍ അധികം പണമുണ്ടായിരുന്നെന്നും കരുതുന്നു.
തെരഞ്ഞെടുപ്പിനു മൂന്നുദിവസം മുമ്പ് രാത്രിയിലാണ് കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് പണം കവര്‍ന്നത്. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശി ഷംജീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു മൂന്നുകാറുകള്‍ ഉപയോഗിച്ചു വളഞ്ഞിട്ടു പിടിച്ചായിരുന്നു ആക്രമണമെന്നു മനസ്സിലായത്. ഒരു കാര്‍ മുന്നില്‍ കയറി വളച്ചു നിര്‍ത്തി. മറ്റു രണ്ടുകാറുകള്‍ ഇവരുവശത്തും ഇടിപ്പിച്ച ശേഷം തന്നെ കീഴ്‌പ്പെടുത്തി കടന്നു കളഞ്ഞെന്ന ഡ്രൈവറുടെ മൊഴി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലെ ഗുണ്ടാനേതാവിന്റെ സഹായത്തോടെ പാര്‍ട്ടിയുടെ തൃശൂരിലെ ചില നേതാക്കളാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണു വിവരം. കൊടകരയിലെ കോടാലിയിലെ ഗുണ്ടാ ക്വട്ടേഷന്‍ നേതാവിനായിരുന്നു സ്‌പോട്ട് ഓപ്പറേഷന്റെ ചുമതല. കോഴിക്കോട് നിന്നു പണം കൊടുത്തുവിട്ട കാറില്‍ ട്രാക്കര്‍ സംവിധാനവും ഉണ്ടായിരുന്നു. കുറ്റിപ്പുറത്തു നിന്നു ചാവക്കാട് കൊടുങ്ങല്ലൂര്‍ ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനിരുന്ന സംഘം ഇടയ്ക്കു റൂട്ട് മാറ്റി തൃശൂര്‍ വഴിയായി. കുറ്റിപ്പുറം വരെ വാഹനത്തെ ട്രാക്കര്‍ സംവിധാനത്തിലൂടെ ഗുണ്ടാസംഘം പിന്തുടര്‍ന്നെങ്കിലും ഇടയ്ക്ക് കൈവിട്ടു.
തൃശൂരിലെ ഓഫിസിലെത്തിയ സംഘത്തിന് പിറ്റേന്നു പുലര്‍ച്ചെ പുറപ്പെട്ടാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കി എംജി റോഡിലെ ലോഡ്ജില്‍ മുറി ശരിയാക്കി നല്‍കിയ നേതാക്കള്‍ ഗുണ്ടാസംഘത്തിനു വീണ്ടും ആസൂത്രണത്തിനു സമയം നല്‍കുകയായിരുന്നു. കേന്ദ്ര ഇന്റലിജന്‍സും സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടെ പണം മടക്കിനല്‍കി ഒത്തുതീര്‍പ്പിനുള്ള ശ്രമവും സജീവമായി. പൂരത്തിരക്കിനിടയിലും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി തൃശൂര്‍ നഗരത്തിലുണ്ടായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഗുണ്ടാനേതാവിന്റെ ഇടപെടല്‍ മൂലം പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയും സംശയത്തിന്റെ നിഴലിലായി.
ഏപ്രില്‍ രണ്ടിനു വൈകിട്ട് ഏഴോടെയാണ് പണവുമായി കാര്‍ എത്തിയത്. അപ്പോള്‍ത്തന്നെ കൊച്ചിയിലേക്കു പോകാനായിരുന്നു പദ്ധതി. ഈ വാഹനം തടഞ്ഞുനിര്‍ത്തി നേതാക്കള്‍ കണ്ണൂരിലെ ഗുണ്ടയെ ബന്ധപ്പെട്ടു. രണ്ടരയോടെ ഗുണ്ട കാറില്‍ തൃശ്ശൂരിലെത്തി. ഇരിങ്ങാലക്കുടയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിയായ മറ്റൊരു ഗുണ്ടയെയും വിളിച്ചുവരുത്തി. മറ്റു രണ്ട് കാറുകളും സംഘടിപ്പിച്ചു. വിശ്വസ്തരായ നാലുപേരെയും കൂട്ടി.
പണവുമായി എത്തിയ കാറിന്റെ ഡ്രൈവറെ വെളുപ്പിന് നാലുമണിക്ക് പോകാന്‍ അനുവദിച്ചു. മൂന്ന് കാറുകളില്‍ ഗുണ്ടാസംഘം പിന്തുടര്‍ന്നു. കൊടകര മേല്‍പ്പാലം കഴിഞ്ഞപ്പോള്‍ കാറിനെ ഗുണ്ടാസംഘത്തിന്റെ ഒരു കാര്‍ മറികടന്നു നിര്‍ത്തി. മറ്റു രണ്ട് കാറുകള്‍ പണം കൊണ്ടുപോയ കാറില്‍ ഇടിച്ചു. ഡ്രൈവര്‍ പുറത്തിറങ്ങിയതോടെ പണവുമായി വന്ന കാര്‍ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. അതേസമയം പണവുമായി എത്തിയ കാറിന്റെ ഡ്രൈവര്‍ കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര എ.കെ. വീട്ടില്‍ ഷംജീര്‍ ആണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. അരമണിക്കൂറിനുള്ളില്‍ പദ്ധതി ആസൂത്രകനായ പാര്‍ട്ടി നേതാവ് സ്റ്റേഷനിലെത്തി ഒത്തുതീര്‍പ്പിനു ശ്രമിച്ചു.
വന്‍തട്ടിപ്പ് നടക്കുന്നെന്ന സൂചന കിട്ടിയ പാര്‍ട്ടിയിലെ മറ്റുചില നേതാക്കളാണ് സംഭവം കുത്തിപ്പൊക്കിയത്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയുടെ പേരുപറയുന്നില്ല. സംഭവത്തെപ്പറ്റി പാര്‍ട്ടിയും പാര്‍ട്ടിയെ നയിക്കുന്ന സംഘടനയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂരില്‍ കടക്കെണിയിലായ ഒരു നേതാവ് ഈയിടെ വന്‍തുകയുടെ കടം വീട്ടിയതും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.
അതേസമയം ബിജെപിക്കായി കോടിക്കണക്കിനു രൂപ കുഴല്‍പ്പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു. ഈ കള്ളപ്പണത്തില്‍ നിന്നു മൂന്നരക്കോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാട്ടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി കാണണമെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വിഷയം ഏറ്റെടുത്തതോടെ വിഷയം വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്.