തൃശൂര്‍ : കൊടകര കുഴല്‍പണ കേസില്‍ 8 ലക്ഷം രൂപകൂടി കണ്ടെടുത്തതോടെ പരാതി നല്‍കിയവരും വെട്ടിലാകും. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് 8 ലക്ഷം രൂപ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇതോടെ കേസില്‍ പിടിച്ചെടുത്ത തുക 75 ലക്ഷമായി. 25 ലക്ഷം രൂപ മോഷണം പോയി എന്ന പരാതിയിലാണ് അന്വേഷണം. ഇപ്പോള്‍ തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ തുക കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം പുതിയ തലത്തിലേക്ക നീങ്ങും.
തനിക്കു 10 ലക്ഷം രൂപ കിട്ടിയെന്നും ബാക്കി തുക മൊബൈല്‍ ഫോണ്‍ വാങ്ങാനും വാഹനം അറ്റകുറ്റപ്പണി തീര്‍ക്കാനും ഉപയോഗിച്ചെന്നും ഷുക്കൂര്‍ മൊഴി നല്‍കി. തൃശൂര്‍ ജില്ലയില്‍ നിന്ന് 47 ലക്ഷം രൂപയും മറ്റ് ജില്ലകളില്‍ നിന്ന് 20 ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം. കവര്‍ച്ചക്കേസിലെ മുഖ്യ പ്രതികളായ മാര്‍ട്ടിനെയും രഞ്ജിത്തിനെയും ഇന്നു കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകമാകും.
പരാതി നല്‍കിയ ധര്‍മ്മരാജന് ബിജെപി ബന്ധമുണ്ട്. യുവമോര്‍ച്ചയുടെ മുന്‍ ട്രഷറര്‍ സുനില്‍ നായിക്കില്‍ നിന്ന് വാങ്ങിയ തുകയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് മൊഴി. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് മോഷണം പോയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെയാണ് ഈ കേസിന് നിര്‍ണ്ണായക ട്വിസ്റ്റ് വരുന്നത്. ഏപ്രില്‍ 3നായിരുന്നു കവര്‍ച്ച. ഏപ്രില്‍ ഏഴിനാണ് പരാതി നല്‍കിയത്. എന്നാല്‍ പണം തട്ടിയെടുത്ത ക്വട്ടേഷന്‍ സംഘത്തെ പോലീസ് അതിവേഗം പൊക്കി.
തെരഞ്ഞെടുപ്പിനായി ബിജെപി കുഴല്‍പ്പണം കടത്തിയ കേസിലും കവര്‍ച്ചയിലും അന്വേഷണം നേതാക്കളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ട്. തൃശൂര്‍ ജില്ലയിലെ രണ്ട് നേതാക്കള്‍ കേസില്‍ നിര്‍ണായക കണ്ണികളായതായി പോലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന. ഉന്നത നേതാക്കളുടെ അറിവോടെ പണംകടത്തും കവര്‍ച്ചയും നടന്നുവെന്നതാണ് വിവരം. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ഇതിനകം 19 പ്രതികളെ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരപ്രകാരമാണ് അന്വേഷണം രണ്ട് ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത്. ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയ കോഴിക്കോട് സ്വദേശി ധര്‍മരാജ് ആര്‍എസ്എസുകാരനാണെന്നും പണം കൊടുത്തയച്ച സുനില്‍ നായിക് യുവമോര്‍ച്ച മുന്‍ ട്രഷററാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ബിജെപി ജില്ലാ ഭാരവാഹികളിലൊരാള്‍ കൊടകരയിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. ഇതോടൊപ്പം അഭിഭാഷകനായ മറ്റൊരു ജില്ലാ ഭാരവാഹിക്കും കേസില്‍ നിര്‍ണായക ബന്ധമുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുമോ എന്നത് നിര്‍ണ്ണായകമാണ്.
ആസൂത്രകന്‍ അടക്കമുള്ള മുഖ്യപ്രതികളേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പുതിയ അന്വേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. ധര്‍മരാജിനേയും സുനില്‍നായിക്കിനേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം ബിജെപി നേതാക്കളേയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ പ്രതികളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രതിസന്ധിയായി. കൊടകരയില്‍വച്ച് 25 ലക്ഷം രൂപയും വാഹനവും കവര്‍ന്നുവെന്നാണ് ധര്‍മരാജ് പരാതി നല്‍കിയത്. എന്നാല്‍ കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം പോലീസിന് ലഭിച്ചിട്ടുണ്ട്.