കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന വിശദീകരണം ബഹിഷ്‌കരിച്ച് കോഴിക്കോട് താമരശേരിയിലും വ്യാപാരികള്‍ കടകളടച്ചു. വൈകീട്ട് അഞ്ച് മണിക്കാണ് ബിജെപിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച് സ്ഥലം വിട്ടു. വൈകീട്ട് അഞ്ചുമണിക്ക് താമരശ്ശേരി പഴയ ബസ്റ്റാന്റില്‍ പൊതു യോഗം നടക്കുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. എന്നാല്‍ ഉച്ചക്ക് രണ്ടരയോടെ താമരശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു തുടങ്ങി.
മൂന്നുമണിയോടെ തന്നെ ബഹുഭൂരിഭാഗം കടകളും അടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു. ഓട്ടോ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളും നാമമാത്രമായി മാത്രമേ താമരശ്ശേരിയില്‍ സര്‍വീസ് നടത്തുന്നുള്ളൂ. അതേസമയം കടകളടയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം നടത്തിയവര്‍ക്കെതിരെ പോലിസ് ഇന്നലെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. നേരത്തെ കുറ്റിയാടി, നരിക്കുനി തുടങ്ങി വിവിധ ഇടങ്ങളില്‍ ബിജെപിയുടെ വിശദീകരണ യോഗത്തിന് എതിരേ സമാന രീതിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.