തിരുവനന്തപുരം: ശ്രീകാര്യത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ചെരുപ്പ് കടയിലെ ജീവനക്കാര്‍ക്ക് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദനം. ദൃശ്യങ്ങള്‍ പുറത്ത്. കൗണ്‍സിലര്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്പഴന്തി കൗണ്‍സിലറായ ചെമ്പഴന്തി ഉദയനെതിരെ പോലീസ് കേസെടുത്തു. മാസ്ക്ക് ധരിക്കാതെ കടയില്‍ കയറിയത് ജീവനക്കാരന്‍ ചോദ്യം ചെയ്തതിനാണ് കൗണ്‍സിലുറും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി. ശ്രീകാര്യം ബാറ്റ ഷോറൂമില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത് .
നഗരസഭാംഗവും ബിജെപി ജില്ലാ നേതാവുമായ ചെമ്പഴന്തി ഉദയന്‍ മാസ്‌ക് ധരിക്കാതെ ചെരുപ്പുകടയിലെത്തിയതിനെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു നടന്ന തര്‍ക്കത്തിനും വാക്കേറ്റത്തിനുമിടെയാണ് മാനേജര്‍ വിഷ്ണു, ജീവനക്കാരനായ അജയ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ബിജെപി പ്രവര്‍ത്തകരെത്തി കട അടപ്പിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ആക്രമണം നടത്തിയത് ഷോപ്പ് ജീവനക്കാരനാണെന്നും സാനിറ്റൈസര്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ചെമ്പഴന്തി ഉദയന്റെ വാദം. ഇരുവരുടെയും പരാതിയില്‍ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.