ആലുവ: ഒന്നര വര്‍ഷമായി ശമ്പളം മുടങ്ങിയതിനെതിരായ ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഓഫീസ് സെക്രട്ടറിയുടെ കുറിപ്പ് നവമാദ്ധ്യമങ്ങളില്‍ വൈറലായി. ആലുവ നഗരവാസിയും ബി.ജെ.പി പ്രവര്‍ത്തകനുമായിരുന്ന ശ്രീനാഥ് നായിക്ക് (മണി) ആണ് ജോലിക്ക് കൂലി തരാതെ കബളിപ്പിക്കുന്ന മണ്ഡലം നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
പലവട്ടം നേതൃത്വത്തോട് വേതനം ആവശ്യപ്പെട്ടിട്ടും പരിഹരിക്കാത്ത സാഹചര്യത്തിലാണ് ആവശ്യം പൊതുസമൂഹം മുന്‍പാകെ പരസ്യപ്പെടുത്തുന്നതെന്നും കുറിപ്പിലുണ്ട്. 2014 മുതലാണ് ശ്രീനാഥ് ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. കഴിഞ്ഞ 18 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. മുന്‍ മണ്ഡലം പ്രസിഡന്റിന്റെ കാലത്ത് 12 മാസത്തെയും നിലവിലുള്ള പ്രസിഡന്റിന്റെ കാലത്ത് ആറ് മാസത്തെയും ശമ്ബളമാണ് ലഭിക്കുവാനുള്ളതെന്ന് കുറിപ്പില്‍ പറയുന്നു.
ഉത്തരവാദിത്വപ്പെട്ടവരെ രേഖാമൂലം അറിയിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടും അനുകൂല നടപടി ഉണ്ടായില്ല. ചോദിക്കുമ്ബോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തരാം എന്നായിരുന്നു മറുപടി. പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. വിറക് വെട്ടുവാനും വെള്ളം കോരുവാനുമുള്ള ഒരാളായിട്ട് മാത്രമാണോ ഇക്കൂട്ടര്‍ തന്നെ കരുതുന്നത്. ഓഫീസ് സെക്രട്ടറിയുടെ ഗതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീനാഥ് ചോദിക്കുന്നു. ഇത്തരത്തില്‍ പരാതി നവമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നറിയാമെങ്കിലും ചെയ്ത ജോലിക്ക് കൂലി കിട്ടാന്‍ നിര്‍വാഹമില്ലാഞ്ഞിട്ടാണെന്നും കുറിപ്പിലുണ്ട്.
ആലുവ ചീരക്കട ശ്രീ ദുര്‍ഗാദേവി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ശ്രീനാഥ് നായിക്ക്.