ബെംഗലൂരു : കൊവിഡ് 19 ബാധിച്ച് കര്‍ണാടയില്‍ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാംഗം അന്തരിച്ചു. അശോക് ഗാസ്തി (55) ആണ് വ്യാഴാഴ്ച രാത്രി പത്തരയോടെ മണിപ്പാല്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന എം.പിയുടെ ആന്തരിക അവയവങ്ങളും തകരാറിലായിരുന്നുവെന്ന് മണിപ്പാല്‍ ആശുപത്രി എം.ഡി ഡോ. മനീഷ് റായ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു എം.പി.
ഉത്തര കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ അശോക് ഗാസ്തി ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.
ഇക്കഴിഞ്ഞ ജൂണില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കൊവിഡിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
അശോക് ഗാസ്തിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു. കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ച സമര്‍പ്പിതനായ പ്രവര്‍ത്തകനായിരുന്നു അശോക് ഗാസ്തിയെന്നും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏറെ പ്രയത്‌നിച്ചിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചനകുറിപ്പില്‍ പറയുന്നു.