തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മർദ്ദത്തിലാക്കുന്നതും ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ലളിതമായ ഒരു പ്രസ്താവന നടത്താൻ പോലും ഇന്ന് മുഖ്യമന്ത്രിക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്. മുസ്ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാൽ മാത്രമേ സർക്കാരിന് നിലനിൽപ്പുള്ളൂ എന്ന ഭയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു






























