കൊട്ടാരക്കര : അധികാരത്തിലേറിയാല്‍ തിരുത്തുമെന്ന് പറഞ്ഞ ഇന്ത്യന്‍ ഭരഘടനയെ തൊട്ടുവണങ്ങേണ്ട ഗതികേടിലേക്ക് നരേന്ദ്രമോദിയെ കൊണ്ടെത്തിച്ചത് അതിന്റെ ജനസ്വീകാര്യതയും ശക്തിയുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അഭിപ്രായപ്പെട്ടു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം പി. ഭരണഘടനയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തിയതിന്റെ ഫലമാണ് രാജ്യം സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന് അടിപ്പെടാതെ പോയത്. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
മണിപ്പൂരിലെ ഗോത്രജനങ്ങള്‍ക്കിടയിലെ കലാപങ്ങളെക്കുറിച്ച് മൗനംപാലിച്ച മോദി, തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ മറുപടി പറയേണ്ടി വന്നു. രാജ്യത്തെ കലാപത്തിലേക്കും നോട്ടുനിരോധനം പോലുള്ള തുഗ്ലക്കന്‍ പരിഷ്‌കാരങ്ങളിലേക്കും തള്ളവിടുന്ന ഏകാധിപത്യത്തിന് താക്കീതായി മാറുകയായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പരാജയം. ഇന്ത്യാമുന്നണിയുടെ മിന്നുന്ന വിജയത്തിന് ഒരുമിച്ച് പ്രവര്‍ത്തിച്ച അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയോടുള്ള നന്ദിയും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര, വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം, സെക്രട്ടറി സിബു കാരംകോട്, ട്രഷറര്‍ സുര്‍ജിത്, സെക്രട്ടറി ബൈജു പത്തനാപുരം തുടങ്ങിയവര്‍ പങ്കെടുത്തു.