മുംബൈ : കോവിഡ് ബാധിച്ച ശേഷം അവാസ്കുലർ നെക്രോസിസ് (എ.വി.എൻ) അല്ലെങ്കിൽ അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തു. രണ്ട് മാസം മുമ്പ് ബ്ലാക്ക് ഫംഗസ് പൊട്ടിപ്പുറപ്പെട്ട ശേഷം കോവിഡിന് ശേഷമുണ്ടാകുന്ന അസ്ഥി മരണം ആരോഗ്യ വിദഗ്ദ്ധരിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. അടുത്ത കുറച്ച് മാസങ്ങളിൽ ഇത്തരത്തിൽ കൂടുതൽ എ.വി.എൻ കേസുകൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ ആശങ്കപ്പെടുന്നു.
മാഹിമിലെ ഹിന്ദുജ ആശുപത്രിയിൽ മൂന്ന് പേർക്കാണ് എ.വി.എൻ സ്ഥിരീകരിച്ചത്. കോവിഡ് ഭേദമായി രണ്ട് മാസത്തിന് ശേഷം എത്തിയ 40 വയസ്സിന് താഴെയുള്ള മൂന്ന് പേർക്കാണ് ചികിത്സ നൽകിയത്. കാൽതുടയുടെ (തുട അസ്ഥിയുടെ ഏറ്റവും ഉയർന്ന ഭാഗത്ത്) അസ്ഥിയിലാണ് ഇവർക്ക് വേദനയുണ്ടായത്. ഇവർ ഡോക്ടർമാരായതിനാൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടിയെന്ന് ആശുപത്രി ഡയറക്ടർ ഡോക്ടർ സഞ്ജയ് അദർവാല പറഞ്ഞു.
കോവിഡ് രോഗികൾക്ക് നൽകുന്ന സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് എ.വി.എന്നിലും ബ്ലാക്ക് ഫംഗസിലും പൊതുവായി കാണുന്ന ഘടകമെന്ന് ഡോക്ടർ അഗർവാല തന്റെ ഗവേഷണ പ്രബന്ധത്തിൽ കുറിച്ചു. കോവിഡ് -19 രോഗികളിൽ ജീവൻ രക്ഷിക്കുന്ന കോർട്ടികോസ്റ്റീറോയിഡുകൾ വലിയ തോതിൽ ഉപയോഗിക്കുന്നത് എവിഎൻ കേസുകൾ കൂടാൻ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച 264 രോഗികളിൽ 30 പേർക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയെല്ലാം ശസ്ത്രക്രിയയിലൂടെ എൻഡോസ്കോപ്പിക്ക് വിധേയരാക്കിയതായി ആശുപത്രി ഡീൻ ഡോക്ടർ എൻ.നിർമ്മല പറഞ്ഞു. എന്നാൽ ഗുരുതര അണുബാധയുള്ള 30 രോഗികളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദ്യ ഘട്ടത്തിൽ ചികിത്സ തേടിയവർക്ക് രോഗം പൂർണ്ണമായും ഭേദമായിട്ടുണ്ടെന്നും അവർ അറിയിച്ചു.