തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പ് നടന്നാല്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ അധികാരം നല്‍കുന്ന ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (BUDS) കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം ഈ മാസം 21ന് ഡിജിപിയുടെ നേതൃത്വത്തില്‍ ചേരും. ബഡ്‌സ് ചട്ടങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതോടെ നിക്ഷേപകരെ കബളിപ്പിച്ച് വിലസുന്ന വമ്പന്മാര്‍ കുടുങ്ങും. തട്ടിപ്പും വിശ്വാസവഞ്ചനയും കാണിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ ഉടമകള്‍ മാത്രമല്ല നിക്ഷേപങ്ങള്‍ സ്വീകരിച്ച ജീവനക്കാരും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കിയവരും കുടുങ്ങും. ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്ത് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് നല്‍കുവാന്‍ ബഡ്‌സ് ആക്ടില്‍ വ്യവസ്ഥയുണ്ട്.
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു കേന്ദ്ര നിയമം ഉണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായത്. കേരളത്തില്‍ ബഡ്‌സ് നിയമം നടപ്പിലാക്കണമെന്നും ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായവര്‍ കേരളാ ഹൈക്കോടതിയില്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. പി.ജി.ഐ.എ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ന്യൂട്ടണ്‍സ് ലോ അഭിഭാഷക കമ്പിനിയാണ് പി.ജി.ഐ.എ ക്കുവേണ്ടി കേസുകള്‍ വാദിക്കുന്നത്.
സുപ്രീംകോടതി അഭിഭാഷകനായ മനോജ് വി. ജോര്‍ജ്ജും കേരളാ ഹൈക്കോടതിയിലെ രാജേഷ് കുമാര്‍ ടി.കെയുമാണ് ബഡ്‌സ് നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കണമെന്നും പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ പരാതികളിന്മേല്‍ ബഡ്‌സ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കേരളാ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഇവര്‍ പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലാണ് കേരളത്തില്‍ ആദ്യമായി ബഡ്‌സ് നിയമം നടപ്പിലാക്കിയത്. കേരളത്തിലെ 14 ജില്ലകളിലും ബഡ്‌സ് കോടതികള്‍ സ്ഥാപിച്ചു. കോമ്പിറ്റെന്റ് അതോറിറ്റി കേരളത്തില്‍ നിലവില്‍ വരുകയും തലവനായി സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൌളിനെ നിയമിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിലൂടെയാണ് ഇതൊക്കെ നടപ്പിലായത്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മനസ്സില്ലാമനസ്സോടെ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുകയായിരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നേരത്തെതന്നെ ബഡ്‌സ് ആക്ട് നടപ്പിലാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമായിരുന്നു കാട്ടിയിരുന്നത്. തട്ടിപ്പിന് ഇരയാകുന്ന നിക്ഷേപകരുടെ പരാതികള്‍ പോലും സ്വീകരിക്കുവാന്‍ പോലീസ് തയ്യാറായിരുന്നില്ല.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസുകളില്‍ അച്ചാരം വാങ്ങി നിസ്സാരവകുപ്പുകള്‍ ചുമത്തി കേസെടുത്ത് പ്രതികളെ രക്ഷിക്കുന്ന പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് ബഡ്‌സ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ഈ നിയമപ്രകാരം ഒരോ ജില്ലയിലും എത്ര നിക്ഷേപ തട്ടിപ്പ് കേസ്സുകളുണ്ടെന്ന് 15ന് മുന്‍പ് പട്ടിക നല്‍കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ അനുമതിയില്ലാതെ നടത്തുന്ന നിക്ഷേപ പദ്ധതികള്‍ നിരോധിച്ച് കേന്ദ്രം 2019ല്‍ പാസ്സാക്കിയ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ 2021ല്‍ ചട്ടം കൊണ്ടുവന്നിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































