അടൂർ : ഒരു രോഗിയുടെ ചികിത്സയിൽ വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധരെ ഒരുമിച്ച് അണിനിരത്തി യഥാർഥ ക്ലിനിക്കൽ കേസുകളിലൂടെ സംയോജിത ചികിത്സാ തീരുമാനങ്ങൾ രൂപപ്പെടുത്തുന്ന വ്യത്യസ്തമായ തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയായ ‘ദി മെഡിക്കൽ ഓർക്കസ്ട്ര 2026’ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അടൂരിൽ സംഘടിപ്പിച്ചു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു. “ഒരു രോഗി – പല വിദഗ്ധർ – ഒരു ചികിത്സാ തീരുമാനം” എന്ന ആശയമാണ് പരിപാടിയുടെ കാതൽ. ഓർക്കസ്ട്രയിൽ വ്യത്യസ്ത വാദ്യോപകരണങ്ങൾ ഏകോപിച്ച് ഒരു സംഗീതസൃഷ്ടി രൂപപ്പെടുന്നതുപോലെ, ആധുനിക ചികിത്സയിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ അറിവും അനുഭവവും ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ‘മെഡിക്കൽ ഓർക്കസ്ട്ര’ മുന്നോട്ടുവയ്ക്കുന്നതെന്ന് ശ്രീ ബ്ലെസ്സി പറഞ്ഞു. ചികിത്സയുടെ കേന്ദ്രബിന്ദു രോഗിയും രോഗമുക്തിയുമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒൻപത് ‘സിംഫണികളിലായി’ നടന്ന സമ്മേളനത്തിൽ ഐസിയുവിലെ ഗുരുതര രോഗാവസ്ഥ, പൾമണറി എംബോളിസം, യുവാക്കളിലെ ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയമരണവും, പക്ഷാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, വാക്സിനേഷൻ, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള രോഗിയുടെ ശാരീരികക്ഷമത തുടങ്ങിയ സങ്കീർണ്ണ ക്ലിനിക്കൽ സാഹചര്യങ്ങൾ ചർച്ച ചെയ്തു. പരമ്പരാഗത പ്രഭാഷണരീതിക്ക് പകരം കേസ് അവതരിപ്പിക്കൽ, വിവിധ വിദഗ്ധരുടെ അഭിപ്രായങ്ങൾ, സംയോജിത ചർച്ച, ചികിത്സാ തീരുമാനം എന്ന രീതിയിലായിരുന്നു സെഷനുകൾ. കാർഡിയോളജി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, പൾമണോളജി, നെഫ്രോളജി, ഗ്യാസ്ട്രോഎന്ററോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ഹെമറ്റോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, എമർജൻസി മെഡിസിൻ, അനസ്തേഷ്യ, സർജറി, ഡെർമറ്റോളജി, റൂമറ്റോളജി തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ള 200-ലേറെ ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.
ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ആശംസകൾ നേർന്നു. പരിപാടിക്കായി അദ്ദേഹം പ്രത്യേകം രചിച്ച ഗാനം ഓൺലൈനായി അവതരിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. സജൻ അഹമ്മദ് ഇസഡ്, പൾമണോളജി വിഭാഗം മേധാവി ഡോ. അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു. ലൈഫ് ലൈൻ ഡയറക്ടർ ഡോ മാത്യു പാപ്പച്ചൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ നിഷി മാത്യു എന്നിവർ ശ്രീ ബ്ലെസ്സിക്ക് ഉപഹാരം നൽകി.
വൈദ്യശാസ്ത്രവും സംഗീതവും തമ്മിലുള്ള ആശയപരമായ ബന്ധം അവതരിപ്പിക്കുന്നതിനായി ബീഥോവൻ, മൊസാർട്ട്, ഹാൻസ് സിമ്മർ, എ.ആർ. റഹ്മാൻ, ഇളയരാജ തുടങ്ങിയവരുടെ സംഗീതം കോർത്തിണക്കിയ ‘A Lunch in Harmony’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
ഓരോ സെഷനും ചർച്ച നയിച്ചവർ ‘കൺസേർട്ട് മാസ്റ്റേഴ്സ്’ ആയും വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധർ ‘പ്രിൻസിപ്പൽസ്’ ആയും പങ്കെടുത്തത് മെഡിക്കൽ ഓർക്കസ്ട്രയുടെ സവിശേഷതയായി.
ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ. സജൻ അഹമ്മദും മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോണും പരിപാടിക്ക് നേതൃത്വം നൽകി.
































