കാസര്‍കോട് : കാസര്‍കോട്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന സദാചാര അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബിഎംഎസ് പ്രവര്‍ത്തകരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് (26), പ്രദീപ് (37), ശശിധരന്‍ (37), വിനോദ്കുമാര്‍ (40), നാഗേഷ് (33) എന്നിവരെയാണ് കാസര്‍കോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലയോരമേഖലയില്‍പ്പെട്ട സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ 19കാരനും 17കാരിയുമാണ് സദാചാര അക്രമത്തിന് ഇരയായത്. കാസര്‍കോട് അശ്വിനി നഗറിലെ തിയേറ്ററില്‍ സിനിമയ്‌ക്കെത്തിയ ഇവര്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ മെഹ്ബൂബ് തിയേറ്ററില്‍ എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ഇവരെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തെങ്കിലും വിദ്യാര്‍ഥി പരാതിയില്ലെന്ന് അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അടുത്തിടെ കാസര്‍കോടും പരിസരങ്ങളിലും സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ നിത്യ സംഭവമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തളങ്കരയില്‍ സഹപാഠികള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥിയെ ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.