ആറ്റിങ്ങല്‍ : പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടില്‍ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് ഹാര്‍ബറിലേക്ക് വരവെ കല്യാണിമാത എന്ന ബോട്ട് ശക്തമായ തിരയില്‍ മറിയുകയായിരുന്നു. ഉടമയായ അഞ്ചുതെങ്ങ് സ്വദേശി വിജയനൊപ്പം ജോണ്‍, റോഷിന് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവര്‍ കരയിലേക്ക് നീന്തി രക്ഷപെടുകയായിരുന്നു. ഭാഗികമായി വെള്ളത്തില്‍ മുങ്ങിക്കിടന്ന ബോട്ട് കോസ്റ്റല്‍ പോലീസും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കരക്കടുപ്പിച്ചത്.
അഞ്ചുതെങ്ങ് കോസ്റ്റല്‍ എസ്.എച്ച്.ഒ കണ്ണന്, എസ്.ഐ ജോയി, രാജു, സജി അലോഷ്യസ്, ഷെര്‍ജിന്‍ മണി, പ്രവീണ്‍ സിറിള്‍, കോസ്റ്റല്‍ വാര്ഡന്മാരായ സിറാജ്, ജോജി, വര്‍ഗീസ്, ടെറിന്‍ എന്നിവരും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ബോട്ട് ഹാര്‍ബറിലേക്ക് മാറ്റി. വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ബോട്ടിനും സാരമായി കേടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.