കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പോലീസ് പറയുന്നു. 2006ലും 2015 ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. ഇതിൽ 2015 ൽ സംസ്കരിച്ച മൃതദേഹമാകാം കണ്ടതെന്നാണ് പോലീസിന്‍റെ നിഗമനം. 2015 ലെ സംസ്കാര ചടങ്ങിന്റെ ചിത്രങ്ങളും പോലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പായയിൽ പൊതിഞ്ഞിരുന്നതായി കണ്ടെത്തി. സംഭവത്തില്‍ 2015 ൽ സംസ്കരിച്ച ആളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നിലവില്‍ കല്ലറ തുറക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് പറഞ്ഞു. കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ കഴിഞ്ഞ 13നാണ് മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നത്.
കല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കണ്ടെത്തിയതാ ണ് സംശയത്തിന് ഇടയാക്കിയത്. പള്ളി വികാരി പോലീസിൽ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സെമിത്തേരിയിൽ പരിശോധന നടത്തിയ പോലീസ് കല്ലറ സീൽ ചെയ്തു.




























