8.48 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ഉണ്ടായത്. പുറത്തിറങ്ങി മൂന്ന് ആഴ്‍ചകൾക്കകം പുത്തന്‍ ബൊലേറോയെ തേടി 5,500-ൽ അധികം ബുക്കിംഗുകളാണ് മഹീന്ദ്രയുടെ ബൊലോറോ നിയോ സ്വന്തമാക്കിയത്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഈ വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. സബ്-4 മീറ്റര്‍ ശ്രേണിയില്‍ ഏഴ് സീറ്റര്‍ എസ്.യു.വിയായാണ് ബൊലേറൊ നിയോ എത്തിയിട്ടുള്ളത്.സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള സ്ക്വയർ ഹെഡ്‌ലാമ്പുകൾ, സൈഡ് ബോഡിയിൽ ബ്ലാക്ക് ക്ലാഡിംഗ്, ടെയിൽ ഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ X-ആകൃതിയിലുള്ള ബോഡി-കളർ കവറിനൊപ്പം നിയോയ്ക്ക് സിഗ്നേച്ചർ ലുക്കാണ് നൽകുന്നത്. ബോക്സി രൂപം നല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബൊലേറൊയില്‍ നിന്ന് വ്യത്യസ്തമായി ക്രോമിയം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ല്, ന്യൂജെന്‍ ഭാവം ഒരുക്കുന്ന ഹെഡ്ലൈറ്റ്, ഡി.ആര്‍.എല്‍, ഫോഗ്, കരുത്തന്‍ ബോണറ്റ് എന്നിവ ചേര്‍ന്നതാണ്.
എം. ഹോക്ക് 1.5 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നിയോയിലുള്ളത്. 100 ബി.എച്ച്.പി. കരുത്തും 260 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. 5 സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 8.48 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് വിപണി വില.