തിരുവനന്തപുരം: തമിഴ്‍നാട്ടില്‍ നിന്നും നിരവധി ആളുകള്‍ അതിര്‍ത്തി കടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. മേല്‍വിലാസത്തില്‍ തിരിമറി കാണിച്ച് തമിഴ്‍നാട്ടില്‍ നിന്നും നിരവധി ആളുകള്‍ ഇഞ്ചിവിള അതിര്‍ത്തി കടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദമായ പരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
കേരളത്തിലേക്ക് ഇഞ്ചിവിള അതിര്‍ത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ചില ആളുകളുടെ പാസിലുള്ളത് നെയ്യാറ്റിന്‍കരയിലെ മേല്‍വിലാസങ്ങളാണ്. എന്നാല്‍ ഇതില്‍ കൊടുത്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാണെങ്കിലും അനധികൃതമായി അതിര്‍ത്തി കടക്കല്‍ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികള്‍ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളില്‍ വന്നശേഷം അതിര്‍ത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തില്‍ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു. രേഖകള്‍ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയില്‍ വരുന്നത്. ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാണ് തീരുമാനം.