ടെന്നസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് കഴിഞ്ഞ 200 വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്‍റെ വധശിക്ഷ നടപ്പാക്കുന്നതിൽ വീഴ്ച. പിന്നാലെ രാജി പ്രഖ്യാപിച്ച് ജയിൽ മേധാവി. ടെന്നസിയിലെ ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ തന്റെ പദവി രാജിവെക്കാൻ തീരുമാനിച്ചതായാണ് ഗവർണർ ബിൽ ലീ വിശദമാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് എന്ന വനിതയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുകയും അവർ ബോധരഹിതയായി ആശുപത്രിയിൽ വെന്റിലേറ്ററിലാവുകയും ചെയ്ത സംഭവത്തെത്തുടർന്നാണ് രാജി.
വധശിക്ഷ നടപ്പിലാക്കുന്നതിലെ പരാജയം ടെന്നസിയിലെ ജയിൽ വകുപ്പിൽ വൻ തോതിലുള്ള മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ടെന്നസിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ കമ്മീഷണറായ ഫ്രാങ്ക് സ്ട്രാഡ ഈ മാസം തന്നെ സ്ഥാനമൊഴിയുമെന്ന് ഗവർണർ വ്യക്തമാക്കി. ഭരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖരും മറ്റ് ജനപ്രതിനിധികളും നേതൃത്വത്തിൽ മാറ്റം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. മേയ് മാസത്തിന് ശേഷം മരണത്തിന് തൊട്ടടുത്തെത്തിയ ഒരു തടവുകാരന്റെ വധശിക്ഷ പൂർത്തിയാക്കാൻ ടെന്നസിയിലെ അധികൃതർക്ക് സാധിക്കാതെ പോകുന്ന രണ്ടാമത്തെ സംഭവമാണിത്.




























